Monday, November 09, 2020

മാതൃവഴിയിലൂടെ - ഭാഗം 3

 മടക്കയാത്ര ആരംഭിച്ചു, പുറകിലേക്ക് നീങ്ങി മാറുന്ന സെയിന്റ് ലൂയിസ് നഗരത്തിനെ നോക്കി പുക തുപ്പിക്കൊണ്ട് ജീപ്പ് എന്നെയും വഹിച്ചു പായുകയാണ്. ഇങ്ങോട്ടുള്ള യാത്രയിലെ കാഴ്ചകൾ തന്നെയാണ് തിരിച്ചും കാത്തിരിക്കുന്നത് എന്നറിയാവുന്നത് കൊണ്ട് മനസ്സിലെ ആവേശം കെട്ടടങ്ങാൻ തുടങ്ങിയിരുന്നു. ഇനി ഈ കണ്ട വഴിയത്രയും തിരിച്ചു ഓടിക്കണമല്ലോ എന്ന ചിന്ത ഇടയ്ക്കു പൊന്തിവരുന്നത് പോലെ തോന്നി. ഈ യാത്രയിൽ ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം കണ്ടെത്തുന്ന ഈ രീതി ഞാൻ ആസ്വദിക്കുകയായിരുന്നു. ഒരു നല്ല ജീവിതപാഠം ഞാൻ അറിയാതെ എനിക്ക് പകർന്നു തരികയായിരുന്നു ഈ യാത്ര. പുതിയ കാഴ്ചകളിലേക്ക്, പുതിയ ലക്ഷ്യങ്ങളിലേക്കു, പുതിയ ദൂരങ്ങളിലേക്കു നാം സഞ്ചരിക്കുമ്പോൾ, നമ്മുടെ മുന്നിൽ തെളിയുന്ന സന്ദേഹങ്ങളും അവസരങ്ങളും വെളിപാടുകളും പലവിധമാണ് എന്ന സത്യം.

ആ ദിവസത്തെ ചെറിയ യാത്രക്ക് ശേഷം ഞാൻ രാത്രിയിൽ തങ്ങിയത് ഒക്ലഹോമ സംസ്‌ഥാനത്തിലെ "തുൽസ" എന്ന നഗരത്തിനടുത്താണ്. അതെ, Friends എന്ന അമേരിക്കൻ sitcom -ഇൽ ചാൻഡ്‌ലെർ ബിങ് ജോലിക്കു പോയ തുൽസ ! ആ വേഷത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ വന്നത് പലപ്പോഴും വാർത്തകളിൽ നിറയുന്ന അന്നാട്ടിലെ  പ്രകൃതിക്ഷോഭങ്ങൾ ആയിരുന്നു. ടൊർണാഡോകൾ (ശക്തമായ ചുഴലി കൊടുങ്കാറ്റുകൾ) താണ്ഡവം ആടാറുള്ള പ്രദേശം ആണ് ഒക്ലഹോമ. 2017 ഇൽ തുൽസ നേരിട്ട ഒരു ടോർണാഡോയുടെ വാർത്ത വിവരങ്ങൾ കണ്ടത് അപ്പോൾ ഞാൻ ഓർത്തു പോയി. അന്ന് അവിടെ തകര്ന്ന ഒരു ഭക്ഷണശാല പിന്നീട് നവീകരിച്ചു 2020 ഇൽ തുറന്നതും ഒരു വാർത്തയായിരുന്നു. ഞാൻ ഈ യാത്രയിൽ താമസിച്ചിരുന്ന മിക്ക ഹോട്ടലുകളുടെയും നടത്തിപ്പുകാർ ഇന്ത്യൻ വംശജർ ആയിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. എനിക്ക് ഇത് മനസ്സിലാവാൻ കാരണം ഈ ഹോട്ടലുകളുടെ ലോബിയിൽ പ്രദര്ശിപ്പിച്ചിട്ടുള്ള ലൈസൻസ് ആണ്. വാഷിംഗ്‌ടൺ DC യാത്രയിൽ ഞാൻ കണ്ട, എൻ്റെ മനസ്സിൽ പതിഞ്ഞ ഒരു വിവരം ഇതിന് അടിവരയിട്ടു. അന്ന് ഒരു മ്യൂസിയം സന്ദർശിച്ചപ്പോൾ ഞാൻ മനസിലാക്കിയ വസ്തുത ആയിരുന്നു അമേരിക്കയിലെ പകുതിയിലേറെ മോട്ടലുകളുടെയും (ഒറ്റരാത്രി സത്രങ്ങൾ - ചിലവ് കുറഞ്ഞവ) ഉടമകൾ ഭാരതീയർ ആണെന്ന് !

ഒരു രാത്രിയുറക്കത്തിന് ശേഷം ജീപ്പിന്റെ വളയം വീണ്ടും തിരിഞ്ഞു തുടങ്ങി. ആ ദിവസത്തെ എൻ്റെ കാഴ്ചകളിൽ ആദ്യം ഉണ്ടായിരുന്നത് "Pops Cafe" എന്ന് പേരുള്ള ഒരു ഭക്ഷണശാല ആയിരുന്നു. നൂറു കണക്കിന് രുചികളിൽ ഉള്ള സോഡ ഇവിടെ ലഭിക്കും എന്നതാണ് ആ കടയുടെ പ്രത്യേകത. തങ്ങളുടെ സ്ഥാപനത്തിന്റെ വ്യത്യസ്തത അറിയിക്കാൻ എന്ന വിധം വലിയ ഒരു സോഡാ ക്യാൻ രൂപവും അതിന് മുന്നിൽ പണി കഴിപ്പിച്ചിരിക്കുന്നു. അവിടെ നിന്ന് പ്രഭാതഭക്ഷണവും ഒരു ഫ്ലേവർ സോഡയും അകത്താക്കി ഞാൻ തൊട്ടടുത്തുള്ള മറ്റൊരു പുരാനിർമിതി കാണാൻ തീരുമാനിച്ചു. 200 വര്ഷം പഴക്കമുള്ള ഒരു ധാന്യപ്പുര (Barn) ആയിരുന്നു അത്. വൃത്താകാരത്തിൽ താഴെയും മുകളിലുമായി സജ്ജീകരിച്ചിരിക്കുന്ന തുറന്ന മുറികൾ. അതിൽ താഴത്തേതു ഇന്ന് ഒരു ചെറിയ മ്യൂസിയം ആയി പ്രവർത്തിക്കുന്നു. പഴയകാല കൃഷി ഉപകരണങ്ങളും, അക്കാലത്തെ പത്രവാർത്തകളും, പരസ്യങ്ങളും, റൂട്ട് 66 ചിത്രങ്ങളും ഒക്കെ നിറഞ്ഞ ഒരു ചെറിയ മ്യൂസിയം. ആയിരക്കണക്കിന് വർഷങ്ങൾ ചരിത്രം അവകാശപ്പെടാൻ ഇല്ലാത്ത ഈ രാജ്യത്ത്, ഇന്ന് അവർക്കു പറയാവുന്ന ചരിത്രത്തെ എത്ര മനോഹരമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു എന്ന വസ്തുത എന്നിൽ അത്ഭുതം ഉളവാക്കി. ഓരോ ചെറിയ വിഭാഗം അധികൃതരും അവരുടെ ജോലഐ ഭംഗിയായി നിർവഹിക്കുന്നത് കാരണം ആണ് ഇങ്ങനെയുള്ള ചെറിയ സ്‌ഥലങ്ങളിലേക്കും ആ വഴിയിലൂടെ പോകുന്ന യാത്രക്കാർ വരാൻ കാരണം എന്നാണ് എനിക്ക് തോന്നുന്നത്. തങ്ങളുടെ വളരെ ചെറിയ എക്സിബിറ്റുകൾ പോലും വളരെ വിലപ്പെട്ട എന്തോ ഒന്നാണെന്ന് കാണുന്നവരെ തോന്നിപ്പിക്കും വിധം നിലവാരം പുലർത്തി കൊണ്ട് പോകുന്നവരാണ് ഇവിടുത്തെ അധികൃതർ. 
 
Motel Owners  - Fact

Round Barn  - Arcadia, OK 
Soda varieties in Pops Café 



യാത്ര പിന്നെയും തുടർന്നു. ശീതകാലം പ്രമാണിച്ചു വിളകൾ ഒന്നും ഇറക്കാതെ കിടക്കുന്ന, നരച്ചുണങ്ങിയ പാടങ്ങൾ വഴിക്ക് ഇരുവശവും കാണുന്നുണ്ടായിരുന്നു. കച്ചി വെട്ടി ചുരുട്ടി വൃത്താകൃതിയിൽ അവിടങ്ങളിൽ നിരത്തി വച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച വരുന്ന സമയങ്ങളിൽ മണ്ണ് നശിച്ചു പോവാതിരിക്കാനുള്ള പുതപ്പ് ആണ് ഇവ. ഈ പുൽപുതപ്പുകൾ പുതച്ച ശൈത്യകാല ഉറക്കത്തിലേക്കു കടക്കാൻ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി പിന്നിലാക്കി വണ്ടി കുതിച്ചു. ഒക്ലഹോമയോട് യാത്ര പറഞ്ഞു ഞാൻ വീണ്ടും ടെക്സസിന്റെ മണ്ണിലേക്ക് കടന്നിരിക്കുന്നു. കാഴ്ചകൾക്ക് മാറ്റമില്ല, പക്ഷെ കൃഷിയിടങ്ങളിൽ അങ്ങിങ്ങായി ജീവൻ തുടിക്കുന്നത് കാണാമായിരുന്നു. കുറച്ചു മുന്നോട്ടു എത്തിയപ്പോൾ കണ്ണെത്താദൂരം പറന്നു കിടക്കുന്ന വെള്ള പഞ്ഞിക്കൂട്ടങ്ങൾ. അതെ, പരുത്തിപ്പാടങ്ങൾക്കു നാടവിലൂടെയാണ് പിന്നീട് കുറച്ചു ദൂരം വണ്ടി നീങ്ങിക്കൊണ്ടിരുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ പരുത്തി കൃഷി നടത്തുന്ന സംസ്‌ഥാനം ആണ് ടെക്സാസ്. ഏകദേശം 50 ലക്ഷം ഏക്കർ സ്‌ഥലത്തു കൃഷി ചെയ്യുന്ന ഈ വ്യവസായം  200 കോടി US ഡോളർ ഇന് മുകളിൽ വാർഷിക  വരുമാനം ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ്. അമേരിക്കയുടെ പകുതിയിൽ കൂടുതൽ പരുത്തിക്കൃഷി നടക്കുന്നതും ഈ പാടങ്ങളിലാണ്.

 

Cotton Fields in Texas
                                            





Cadillac Ranch - Amarillo, TX  





ആ ദിവസത്തെ യാത്ര തീർന്നത് വടക്കൻ ടെക്സസിലെ പട്ടണമായ അമരിലോ എന്ന സ്‌ഥലത്താണ്‌. അങ്ങോട്ട് പോകുമ്പോഴും ഞാൻ ഇതിലെ കടന്നു പോയിരുന്നു. എന്നാൽ അപ്പോൾ കാണാൻ കഴിയാഞ്ഞ ഒരു വിചിത്രസ്ഥലം കാണാൻ ആയിരുന്നു ഞാൻ പിന്നീട് വണ്ടി നിർത്തിയത് - കാഡിലാക് റാൻഞ്ച് (Cadillac Ranch). അമേരിക്കൻ കാര് നിർമാതാക്കൾ ആയ ജനറൽ മോട്ടോർസ് ഉത്പാദിപ്പിക്കുന്ന ഒരു ബ്രാൻഡ് ആണ് കാഡിലാക് എന്ന കാർ. അമേരിക്കൻ പ്രസിഡന്റുമാർ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വണ്ടി എന്ന നിലയിലും ഖ്യാതി നേടിയ ബ്രാൻഡ് ആണിത്. പ്രെസിഡന്റിന്റെ മോട്ടോർക്കേഡിന് പ്രത്യേകമായി രൂപകൽപന ചെയ്യുന്ന വണ്ടികളും ഇവർക്കുണ്ട്. പത്തു കാഡിലാക് കാറുകൾ തലകുത്തനെ മണ്ണിൽ പൂഴ്ത്തി വച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ആണ് കാഡിലാക് റാൻഞ്ച് എന്ന ഈ സ്‌ഥലം. പേര് സൂചിപ്പിക്കുന്ന പോലെ ഒരു വലിയ പാടത്തിന്റെ നടുവിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.1974 ഇൽ  ഒരു ഗോതമ്പ് പാടത്തിനു നടുവിൽ സ്‌ഥാപിച്ച ഈ കലാസൃഷ്ടി 1997 ഇൽ 2 മൈൽ മാറി ഒരു പശു വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഹൈവേയുടെ സാമിപ്യം ആവാം അധികൃതരെ  അത് ഇങ്ങോട്ടു മാറ്റാൻ പ്രേരിപ്പിച്ചത്. എങ്കിലും ഇത് വരുന്നവർക്ക് പണമൊന്നും ചെലവാക്കാതെ കണ്ടു മണ്ടങ്ങാവുന്ന ഒരിടം ആണ്. ഞാൻ അവിടെ പോകുമ്പോൾ അവിടെ എത്തിയിരുന്നവരിൽ ഏറെയും പേർ പെയിന്റ് കാൻ കൊണ്ടാണ് വന്നിരുന്നത്. ഈ കാറുകളിൽ ഗ്രാഫിറ്റി ചെയ്യുക എന്നതാണ് ഇവിടെ വരുന്നവരുടെ ഒരു പ്രധാന ഉദ്ദേശം എന്ന് എനിക്ക് മനസിലായി. ആളുകൾ കാറിനു മുകളിലും വശങ്ങളിലും നിന്ന് ചായം പൂശുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കൂട്ടം സ്ത്രീകൾ അവരുടെ ഫോണുകൾ എനിക്ക് തന്ന് കുറെ ചിത്രങ്ങൾ എടുപ്പിച്ചു. ആ പാലത്തിലൂടെ അപ്പുറത്തെത്തി ഞാനും അവരോടു എൻ്റെ ചിത്രങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടു ! കുറച്ചു നേരം ആ സുന്ദര സായാഹ്നത്തിൽ അവിടെ ചിലവഴിച്ചതിനു ശേഷം അന്നത്തെ ഉറക്കത്തിനു വേണ്ടി കുറച്ചു ദൂരെയുള്ള മറ്റൊരു നഗരത്തിലേക്ക് ഞാൻ പുറപ്പെട്ടു.
Ranch - Horizon














പിന്നീട് രണ്ട് രാത്രികളുടെ നീളമേ ഈ യാത്രക്ക് ഉണ്ടായിരുന്നുള്ളു. ടുക്കുംകാരി (Tucumcari) എന്ന ന്യൂ മെക്സിക്കോ സംസ്‌ഥാനത്തിലെ ഒരു ചെറുപട്ടണത്തിലാണ് ഞാൻ ആ രാത്രി ഉറങ്ങിയത്. പിറ്റേ ദിവസത്തെ യാത്രയിൽ ന്യൂ മെക്സിക്കോയുടെ വലിയ പട്ടണമായ അല്ബേര്ക്യുർക്വി (Albuquerque) മലനിരകളും കടന്നു അരിസോണയുടെ സമീപത്തേക്കു ഞാൻ എത്തി. റൂട്ട് 66 കടന്നു പോകുന്ന ഒരേ ഒരു നാഷണൽ പാർക്ക് എന്ന ഖ്യാതി ഉള്ള പെട്രിഫൈഡ് ഫോറസ്റ്റ് ആയിരുന്നു അടുത്ത പ്രധാന സ്‌ഥലം. പാർക്കിനുള്ളിലെ ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കല്ലുകൾ ഒക്കെ മിനറൽസ് ആയി മാറിയിരിക്കുന്നു. അതിലെ ചിലയിടങ്ങളിൽ നിൽക്കുമ്പോൾ ഭൂമിയിലാണോ എന്ന് സംശയം തോന്നുന്ന രീതിയിൽ പറന്നു കിടക്കുന്ന മിനറൽ നിറഞ്ഞ മൺ പരപ്പുകൾ. എൻ്റെ യാത്രയിലെ അവസാന സന്ദർശന സ്‌ഥലം ആയിരുന്നു അവിടം. വീണ്ടും ജോലിയുടെ തിരക്കുകളിലേക്ക് ചേക്കേറാൻ സമയം ആയിരിക്കുന്നു. ഫീനിക്സിൽ നിന്നും 4  മണിക്കൂർ അകലെ അന്ന് രാത്രി  ഞാൻ ഉറങ്ങിയെണീറ്റു. പുലരുന്നതിന് മുന്നേ യാത്ര തുടങ്ങി. തിങ്കളാഴ്ച ആയിരിക്കുന്നു -പുതിയ ആഴ്ചയുടെ തിരക്കുകൾ ഓഫീസിൽ കാത്തിരിപ്പുണ്ടാവും എന്ന ബോധ്യത്തിൽ വണ്ടി ഫീനിക്‌സ് ലക്ഷ്യമാക്കി നീങ്ങി. ജീവിതത്തിലെ ആദ്യ ഏകാന്ത യാത്ര. ഒരു പിടി ഓർമകളും,പുതിയ അറിവുകളും പകർന്നു തന്ന ഈ യാത്ര ഇവിടെ അവസാനിക്കുകയാണ് - ഇനിയും കാണാനിരിക്കുന്ന അനവധി ഇടങ്ങളിലേക്കുള്ള യാത്രകളുടെ മുന്നോടി ആവട്ടെ ഈ യാത്ര എന്ന് ആഗ്രഹിച്ചു കൊണ്ട് ഞാൻ ആ വണ്ടിയുടെ ഇരമ്പലിനോടൊപ്പം ആർത്തു വിളിച്ചു , എൻ്റെ സന്തോഷപ്രകടനമെന്നോണം !

*** TRAVEL AS MUCH AS YOU CAN, AS OFTEN AS YOU CAN - THE WORLD IS AWAITING YOU IN ALL ITS GLORY ***    

Sunday, June 21, 2020

മാതൃവഴിയിലൂടെ - ഭാഗം 2

ഹോട്ടൽ മുറിയുടെ ജാലകത്തിൽ സൂര്യൻ വന്ന് എത്തി നോക്കി. കണ്ണ് തുറന്നു സമയം നോക്കുമ്പോൾ എട്ടിനോടടുത്തിരുന്നു. കാഴ്ചകൾ ഇന്ന് കുറച്ചധികം കാത്തിരിക്കുന്നു. തിരക്കിട്ട് തയ്യാറായി തൊട്ടടുത്ത് തന്നെ ഉള്ള ഒരു റെസ്റ്റാറ്റാന്റിൽ കയറി പ്രഭാത ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അവിടെ രാവിലെ തന്നെ നല്ല തിരക്ക്. കൂടുതലും കറുത്ത വർഗ്ഗക്കാരായ പ്രായമുള്ള ആളുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. കുലീനത തോന്നിക്കുന്ന വസ്ത്രധാരണവും വസ്ത്രത്തിൽ കുത്തിയിരിക്കുന്ന ബാഡ്‌ജും ഒക്കെ  കണ്ടതിൽ നിന്ന് അവരൊക്കെ ഏതോ പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയതാണെന്ന് എനിക്ക് മനസിലായി. അതിനിടയിൽ തന്നെ ആദ്യം പോകേണ്ട സ്ഥലമായ 'ഗേറ്റ് വേ ആർച് ' എത്ര ദൂരത്താണെന്നും നോക്കി മനസിലാക്കി. പത്തു മിനിറ്റ് മാത്രം ദൂരത്താണ് ഈ സിറ്റിയുടെ തലയെടുപ്പ് എന്ന് ഞാൻ കണ്ടു. അധികം വൈകാതെ ലക്ഷ്യസ്ഥാനത്തെത്തി.

Gateway Arch
    
                                                                    ഗെയ്റ്റ് വേ ആർച് 

Mississipi River

                                                        ആർച്ചിനു മുൻവശത്തുള്ള മിസിസിപ്പി നദി 

സെയിന്റ് ലൂയിസ് നഗരത്തിന്റെ നടുവിൽ മിസിസിപ്പി നദിയെ നോക്കി നിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള ചാപം. നടന്നടുക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തിയത് പഴയ കാലത്തെ കെട്ടു വള്ളങ്ങളും, കരയിലെ വാണിഭ കാഴ്ചകളും ഒക്കെ നിറഞ്ഞ നദിയോരത്തിന്റെ ചിത്രം ആയിരുന്നു. എന്നാൽ അതിലും മഹത്തരമായ പഠന കാല സ്മരണകൾ ഈ നാടിനോട് ചേർന്ന് കിടക്കുന്നു -  അതെ, ടോം സോയറും ഹക്കിൾ ബെറിഫിന്നും നിറഞ്ഞാടിയ ഭൂമിക. ഈ കവാടം രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ അത് അമേരിക്കയുടെ പടിഞ്ഞാറൻ തീരം വികസിപ്പിക്കാൻ ഉള്ള ക്ഷണക്കത്തായാണ് ഭരണകൂടം വിശേഷിപ്പിച്ചത്. അത് കൊണ്ട് തന്നെ ആണ് രാജ്യത്തെ രണ്ടായി വിഭജിക്കുന്ന അതിൻ്റെ നട്ടെല്ല് പോലെ കണക്കാക്കാവുന്ന മിസിസിപ്പി നദിയോരത്തെ ഈ പട്ടണം ഇതിനു തിരഞ്ഞെടുത്തതും. പഴയ നോവലുകളിലും സിനിമകളിലും വിവരിക്കുന്ന 'Wild Wild West' നെ മെരുക്കിയെടുക്കാൻ പോയ അനേകായിരം പരിശ്രമികളുടെ ഇടത്താവളം ആയിരുന്നിരിക്കണം ഇവിടം.

ഗേറ്റ് വേ ആർച് ഇന്നൊരു നാഷണൽ പാർക്ക് ആണ്. അർച്ചിന്റെ താഴെ ഭൂമിക്കടിയിൽ ഒരു മ്യൂസിയം പണികഴിച്ചിട്ടുണ്ട്. അനവധി കൊടുക്കലുകളും വാങ്ങലുകൾക്കുമൊപ്പം ചോര ചിതറിയ യുദ്ധങ്ങളുടെകഥകളും പറയാനുണ്ട് ഈ നഗരത്തിന് . ഫ്രഞ്ച് നാവികർ; തടി, തുകൽ മുതലായവ കയറ്റുമതി ചെയ്യാൻ തുടങ്ങിവച്ച വ്യവസായ പാരമ്പര്യം ആണ് ഇവിടത്തിന് . നമ്മുടെ നാടിന്റെ ബേപ്പൂർ, കല്ലായി  തുടങ്ങിയ സ്ഥലങ്ങളിൽ പണ്ട് നടന്നിരുന്ന (ഇപ്പോഴും കുറഞ്ഞ രീതിയിൽ നടക്കുന്ന) ഉരു-തടി വ്യവസായം ഇതിനോട് ഉപമിക്കാം എന്ന് തോന്നി. മണ്ണിന്റെ മക്കളായ റെഡ് ഇന്ത്യൻസിനെ കൂടെ നിർത്തിയും അതിലുപരി അടിച്ചമർത്തിയും മുന്നേറിയ നാളുകളുടെ ചരിത്രം ലിഖിതങ്ങളായി ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ആദ്യകാല കെട്ടുവള്ളങ്ങൾ , കാളവണ്ടികൾ, പത്രങ്ങൾ, കത്തികൾ, വാളുകൾ, പുതപ്പുകൾ എന്നിവ ഇവിടെ ഭദ്രമായി പരിപാലിച്ചിരിക്കുന്നു. ആർച് നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളെയും വിവരിക്കുന്ന രേഖകളും, ശബ്ദലേഖനങ്ങളും ഒക്കെ അതിനുള്ളിൽ ഉണ്ട്.  വെളിയിൽ നിന്ന് നോക്കുമ്പോൾ വളരെ വീതി കുറഞ്ഞതായി തോന്നുമെങ്കിലും ഈ ആർച്ചിനുള്ളിൽ ഒരേ സമയം 80 ആളുകളെ ഉൾക്കൊള്ളുവാൻ കഴിയുന്ന ചെറിയ ലിഫ്റ്റുകൾ ഓടുന്നുണ്ട്. ആർച്ചിന്റെ മുകൾ ഭാഗത്തെ കാഴ്ച മുറിയിലേക്ക് എത്തുന്നവ.  നാല് പേർക്ക് മാത്രം ഇരിക്കാവുന്ന ചെറിയ കൂടകൾ ആണ് ഓരോ ലിഫ്റ്റും. ഇത് ഒരു ഫെറി വീൽ പോലെ പടി പടിയായി മുകളിലേക്ക് നീങ്ങുന്നു. ആർച്ചിന്റെ മുകൾ ഭാഗം ഒരു ഒബ്സെർവഷൻ ഡെക്ക് ആക്കി മാറ്റിയിരിക്കുന്നു. ഒരുവശത്തു നിറഞ്ഞൊഴുകുന്ന മിസിസിപ്പി നദിയും മറുവശത്തു സെയിന്റ് ലൂയിസ് പട്ടണത്തിന്റെ തലയെടുപ്പും ! അവിടെയുള്ള ജാലകങ്ങളിലൂടെ താഴേക്കു നോക്കുമ്പോൾ നദിയിലൂടെ ചെറു തോണികളും കപ്പലുകളും ഒക്കെ ഒഴുകിയിരുന്നു.

തിരിച്ചു ഭൂമി തൊടാൻ സമയമായതു കൊണ്ട് താഴേക്കുള്ള യാത്രക്ക് വേണ്ടി ക്യൂവിൽ സ്ഥലം പിടിച്ചു. വന്ന പോലെ തന്നെ തല നിവർത്തി പോലും ഇരിക്കാൻ പറ്റാത്ത ആ ചെറിയ പേടകത്തിൽ താഴേക്ക്. ഈ വട്ടം കൂടെ ഇരുന്നത് ഒരു കുടുംബം ആയിരുന്നു. കുശലാന്വേഷങ്ങൾക്കിടയിൽ അതിലെ സ്ത്രീ അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു മലയാളി ആണെന്ന് മനസിലായി. ഭർത്താവും കുട്ടികളുമായി ഷിക്കാഗോയിൽ നിന്ന് വന്നതാണ് അവർ. അവരുടെ അച്ഛൻ കോട്ടയത്ത് നിന്നും അമ്മ തൃശൂർ നിന്നും ആണത്രേ ! അങ്ങനെ പേടകത്തിൽ നിന്ന് വെളിയിൽ ഇറങ്ങി അവരോടു യാത്രയും പറഞ്ഞു അടുത്ത ലക്ഷ്യത്തിലേക്കു പുറപ്പെടാൻ ഞാൻ തീരുമാനിച്ചു. 


                                                                        മ്യൂസിയം കാഴ്ചകൾ 



1 Gateway Arch Model
2 Tepee (Tipi) - Old houses used by Red Indians
3 Old Wheel Carts
4 Utensils from ancient times
5 Coins from the past era














ആ നദിയോരത്തു നടക്കുമ്പോൾ മനസ്സ്‌ ദൂരങ്ങൾ താണ്ടി എൻ്റെ ഓർമ്മകൾ മേയുന്ന മറ്റൊരു നദീതീരത്തേക്കു പോയി വന്നു. ഇളം കാറ്റേറ്റ് നല്ല തണുപ്പുള്ള ആ ഉച്ച നേരത്ത് കവാടത്തിന്റെ അടുത്ത് പുൽത്തകിടിയിൽ യു എസ്  മറൈൻ കോർപ്സ് എന്ന  സൈന്യ വിഭാഗത്തിലേക്കുള്ള ജോലിക്കായി കായികാഭ്യാസം കാഴ്ചവെക്കുന്ന നൂറോളം യുവജനങ്ങളും ഉണ്ടായിരുന്നു. അതും നോക്കി കുറച്ചു സമയം നിന്നതിനു ശേഷം തൊട്ടടുത്തുള്ള ചരിത്രമുറങ്ങുന്ന ഒരു പള്ളി ലക്ഷ്യമാക്കി നടന്നു. "ബസിലിക്ക ഓഫ്സെയ്ന്റ് ലൂയിസ്, കിംഗ് ഓഫ് ഫ്രാൻസ് " എന്നാണ് അതിൻ്റെ പൂർണനാമം. 1770 കളിൽ പണി കഴിപ്പിച്ച ഈ ദേവാലയം മിസിസിപ്പി നദിയുടെ പടിഞ്ഞാറൻ ഭാഗത്തെ ആദ്യത്തെ കത്തീണ്ട്രൽ ആണ്. ഒരു നൂറ്റാണ്ടിനു ശേഷം 1830 കളിൽ ആണ് ഇപ്പോൾ കാണുന്ന രീതിയിൽ ഉള്ള ഒരു കെട്ടിടം പണികഴിപ്പിച്ചത്. ആരും തന്നെ അതിനുള്ളിൽ ഉണ്ടായിരുന്നില്ല. ഫോട്ടോ എടുക്കുന്നതിനോ മറ്റോ തടസങ്ങൾ സൂചിപ്പിക്കുന്ന ഒന്നും എഴുതിയും കണ്ടില്ല. അത് കൊണ്ട് തന്നെ എൻ്റെ കാമറ ജോലി ചെയ്തു കൊണ്ടേയിരുന്നു. അൾത്താരക്ക് മുന്നിൽ മെഴുകുതിരികൾ നിരത്തി വച്ചിരുന്നു. അതിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ചു ഒരുനിമിഷം ഞാൻ പ്രാർഥിച്ചു. 






Up & Right - Inside views of Basilica

Down- Basilica with Arch in the background




പിന്നീട് ഞാൻ പോയത് തൊട്ടടുത്തുള്ള മറ്റൊരു ചരിത്ര നിർമിതിയിലേക്കാണ്. പഴയകാലത്തെ കോടതി കെട്ടിടമായ 'ഓൾഡ് കോർട്ട് ഹൗസ്' ആയിരുന്നു അത്. വാസ്തു വിദ്യകൾ എടുത്തു കാണിക്കുന്ന ഒരിടം. അവിടെ മേൽക്കൂരയിൽ പലതരം ചിത്രകലകൾ ചെയ്തിരിക്കുന്നു . അതിനുള്ളിൽ രണ്ടു നിലകളിലായി മുറികൾ മ്യൂസിയം പോലെ ഒരുക്കി വച്ചിരിക്കുന്നു. ജഡ്‌ജി ഇരിക്കുന്ന സ്ഥലവും അതിനു ചുറ്റുമായി അർദ്ധവൃത്താകൃതിയിൽ പണിത മുറിയിൽ ബെഞ്ചുകളും കസേരകളും നിരത്തി ഇട്ടിരിക്കുന്നു. അതിനുള്ളിലെ ഇരുമ്പ് പിരിയൻ കോവണി ആണ് എൻ്റെ ശ്രദ്ധയാകർഷിച്ച മറ്റൊരു കാര്യം. നമ്മുടെ നാട്ടിലെ പഴയ കൊട്ടാരങ്ങളിൽ ഒക്കെ കണ്ടിട്ടുള്ള തരം ഒന്ന്. മരത്തിൽ കൊത്തു പണികൾ ചെയ്യാറുള്ള പോലെ ഇതിലും മനോഹരമാം വിധം ചില വിരുതുകൾ കാണാൻ കഴിഞ്ഞു. ഈ കോടതി കെട്ടിടത്തിന് വെളിയിൽ ഒരു വെങ്കലപ്രതിമ സ്ഥാപിച്ചിട്ടിട്ടുണ്ട്. അതിൻ്റെ വിവരങ്ങളും താഴെ തന്നെ കൊടുത്തിരുന്നു. അത് 1800 കളിൽ അമേരിക്കയിൽ നടന്ന വലിയ ഒരു വിപ്ലവത്തിന്റെ നാന്ദികുറിക്കലിന് കാരണക്കാരായ രണ്ടു പേരുടെ പ്രതിമ ആയിരുന്നു. അവരാണ് 'ഡ്രെഡ് & ഹാരിയറ്റ് സ്കോട്ട്'. കറുത്തവർഗക്കാരായ ഈ ദമ്പതികൾ തങ്ങളുടെ സ്വാതന്ത്ര്യം "വാങ്ങുവാനായി" പോരാടിയവരാണ്. ഇതിനോട് അനുബന്ധിച്ച കേസ് കീഴ്കോടതി അംഗീകരിക്കുകയും, ആ അംഗീകാരത്തെ സുപ്രീം കോടതി തഴയുകയും ചെയ്തു. ഈ തോൽവി കൂടുതൽ അവകാശ സമരങ്ങൾക്ക് തുടക്കം കുറിക്കുകയും അമേരിക്കൻ സിവിൽ വാർ തുടക്കത്തിന് കാരണം ആകുകയും ചെയ്തു. ഞാൻ ഇത് എഴുതുമ്പോൾ ഏതാണ്ട് സമാനമായ ഒരു അവസ്ഥയിൽ കൂടിയാണ് ഈ രാജ്യം കടന്നു പോകുന്നത്. കറുത്ത വർഗ്ഗക്കാർ ഇവിടെ അനുഭവിക്കുന്ന വിവേചനം ഇന്നും പലരീതികളിൽ നിലനിൽക്കുന്നു. കഴിഞ്ഞ മാസം പൊലീസ് മർദനത്തിൽ മരണപ്പെട്ട ജോർജ് ഫ്ലോയ്ഡ് ആണ് ഈ ശൃംഖലയിലെ ഏറ്റവും ഒടുവിലത്തെ ആൾ. "ജൂൺറ്റീൻത്" എന്ന ദിവസവും ഇന്നലെ ആണ് കടന്നു പോയത്. 1865 ജൂൺ 19 ന്  ടെക്സാസ് സംസ്‌ഥാനത്തിലെ അന്നത്തെ ഭരണാധികാരിയായ ഗോർഡൻ ഗ്രാൻജർ എന്ന പട്ടാളത്തലവൻ ടെക്സസിലെ എല്ലാ അടിമകളെയും മുക്തരാക്കാൻ പുറപ്പെടുവിച്ച  ഉത്തരവിനെ അനുസ്മരിക്കാൻ ആണ് എല്ലാ കൊല്ലവും ഈ ദിവസം ആചരിച്ചു പോരുന്നത്.  



Stairs inside Old Courthouse



അന്നത്തെ കാഴ്ചകൾ കണ്ണിലൂടെ മനസിലും ക്യാമറയിലൂടെ മറ്റുള്ളവരിലേക്കും പകർത്താൻ കഴിഞ്ഞതിൽ സന്തോഷം തോന്നി.വെയിൽ അതിൻ്റെ ഒരു ദിവസത്തെ ജോലി തീർത്തു മടങ്ങിയിരുന്നു. ഇരുൾ വീണു തുടങ്ങിയ വഴിത്താരയിലൂടെ ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. നിരത്തിൽ അപ്പോൾ രാവിലെ കണ്ട വയോധികരിൽ പെട്ടവരെന്നു തോന്നിയ രണ്ട്പേർ എൻ്റെ മുന്നിലെ ആഡംബര കാറിലേക്ക് കയറുന്നത് കണ്ടു. തൻ്റെ യാത്രക്കാർ വണ്ടിയിൽ കയറി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കാറിന്റെ വാതിൽ അടച്ചു എൻ്റെ മുന്നിലൂടെ ഡ്രൈവർ സീറ്റിലേക്ക് നടന്ന ആ ചെറുപ്പക്കാരന്റെ നീല കണ്ണുകളിൽ അപ്പോൾ ഒരു ചെറു പുഞ്ചിരി നിറഞ്ഞിരുന്നു. 

******************************** തുടരും ******************************************



Thursday, April 30, 2020

അമ്മ എന്ന അദ്ധ്യാപിക

അമ്മയുടെ അദ്ധ്യാപന ജീവിതത്തിന് ഏകദേശം എൻ്റെ പ്രായമാണ്. കഴിഞ്ഞ മൂന്നു ദശാബ്ദ കാലം ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അവരുടെ ജീവിത യാത്രയുടെ അടിത്തറ പാകാൻ സഹായിക്കുകയായിരുന്നു അമ്മ. എൻ്റെ ഓർമയിലുള്ള സ്കൂൾ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഒക്കെ എനിക്ക് നേടി തരാൻ കാരണം അമ്മയാണ്. ഞാൻ ഇപ്പോൾ ഈ എഴുതുന്ന വരികൾ പോലും എന്നിൽ നിന്ന് വരും എന്ന ആത്‌മ വിശ്വാസം എനിക്ക് ഉണ്ടാക്കി തന്നത് എൻ്റെ അമ്മയാണ് ! അങ്ങനെ ചില ഓർമകളിലൂടെ ഞാൻ പിന്നോട്ട് ഒഴുകുന്നു.

അപ്പർ പ്രൈമറി പഠന കാലത്താണ് ഞാൻ ആദ്യമായി യൂത്ത് ഫെസ്ടിവലുകളിൽ അറിഞ്ഞു പങ്കെടുത്തു തുടങ്ങുന്നത്. സംസ്കൃതോത്സവം ആണ് അധികവും പങ്കെടുക്കുന്ന വിഭാഗം. പദ്യോച്ചാരണം, പ്രശ്നോത്തരി, അഷ്ടപദി, സമസ്യാപൂരണം. ഇവയോടൊപ്പം സ്ഥിരം പങ്കെടുത്തിരുന്ന ഗ്രൂപ്പ് ഐറ്റം വന്ദേമാതരവും. ഇതിൽ രണ്ട് കൊല്ലം സംസ്‌ഥാന തലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഷ്ടപദിക്കാണ്. ആ പ്രായത്തിൽ ഇപ്പോൾ തോന്നുന്ന രീതിയിൽ സംഗീതത്തെ ആസ്വദിക്കാനോ പ്രവർത്തികമാക്കാനോ കഴിഞ്ഞിരുന്നില്ല എന്നുള്ളത് ഒരു സത്യം. അത് അക്കാലത്തു കഴിഞ്ഞിരുന്നെങ്കിൽ ആ മത്സരങ്ങളിൽ കുറച്ചു കൂടി തിളങ്ങാൻ സാധിക്കുമായിരുന്നു എന്നിപ്പോൾ തോന്നുന്നു. എങ്കിലും കേൾക്കുന്നവർക്ക് അരോചകം ആവാത്ത വിധം എൻ്റെ ശബ്ദം അവതരിപ്പിക്കാൻ കഴിഞ്ഞത് അമ്മയുടെ നിർബന്ധത്തിൽ തന്നെ ഞാൻ കുറച്ചു നാൾ അഭ്യസിച്ച ശാസ്ത്രീയ സംഗീത പഠനം ഒന്ന് കൊണ്ട് മാത്രമാണ്. പിന്നീടൊരിക്കലും ശ്രമിച്ചു നോക്കിയിട്ടില്ലെങ്കിലും ഞാൻ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരിനം ആയിരുന്നു സമസ്യാപൂരണം. നമുക്ക് തന്നിരിക്കുന്ന നാലാം വരിയിലേക്കെത്തി നിൽക്കുന്ന രീതിയിൽ മുൻപുള്ള മൂന്നു വരികൾ സംസ്‌കൃതത്തിൽ പൂരിപ്പിക്കുക. നിശ്ചിത സമയത്തിൽ ചെറുകവിത ഒരെണ്ണം എഴുതി തീർക്കണം. ഇതിലേക്കും എന്നെ നയിച്ചത് അമ്മയുടെ സ്നേഹനിർബന്ധങ്ങൾ ആയിരുന്നു. ഈ കാരണങ്ങളാൽ തന്നെ സബ് ഡിസ്ട്രിക്ട് ലെവൽ സംസ്‌കൃത കലാപ്രതിഭ പട്ടത്തിനും അർഹനാവാൻ സാധിച്ചു. അതിനു മുന്പും ശേഷവും നടന്ന നിരവധി മത്സരങ്ങളിലെ ജയ പരാജയങ്ങൾക്കും സാക്ഷിയായി അമ്മയുണ്ടായിരുന്നു. സ്കൂളിലെ മറ്റു കുട്ടികളുടെ കൂടി ഉത്തരവാദിത്വവുമായി കലോത്സവവേദികളിൽ നടക്കുമ്പോഴും ഞങ്ങളുടെ (എന്റെയും അനിയത്തിമാരുടെയും) പരിപാടികൾ നടക്കുമ്പോൾ കഴിവതും ആ വേദിയിൽ എത്തിപ്പെടുമായിരുന്നു അമ്മ. നാളുകൾക്കു ശേഷം ചിറ്റയും ഈ കൂട്ടത്തിൽ കൂടി, പക്ഷെ അപ്പോഴേക്കും എൻ്റെ സ്കൂൾ ജീവിതം ഏതാണ്ട് അവസാനിച്ചിരുന്നു. 

ഒരിക്കൽ ക്ലാസ്സിൽ കൂട്ടുകാരൻ ഉത്തരമറിയാതെ പമ്മിയപ്പോൾ ചിരിച്ച കൂട്ടത്തിൽ ഉള്ളവർ എന്നെ മാത്രം എണീപ്പിച്ചു തന്ന 2 - 3 തല്ലുകൾ ഇന്നും എൻ്റെ  കൈവെള്ളയിൽ എവിടെയോ ഒളിച്ചിരിക്കുന്നു. ആ കൂട്ടത്തിൽ ഉള്ള മറ്റാരെയും ചോദ്യം ചെയ്യുന്നതിന് മുന്നേ എനിക്ക് തന്ന അടിയിൽ തൻ്റെ ആദർശങ്ങൾ പറയാതെ പറയുകയായിരുന്നു അമ്മ. തനിക്ക് ചെയ്തു തീർക്കേണ്ട സ്കൂൾ ജോലികൾ മറ്റു വീട്ടു ജോലി തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ചെയ്യുന്ന അമ്മയുടെ സഹായിയായി ഇരുന്ന സമയങ്ങളിൽ എൻ്റെ പ്രധാന ജോലി എന്ന് പറയുന്നത് ഉത്തരക്കടലാസിൽ മാർക്ക് കൂട്ടുക എന്നതായിരുന്നു. ചുവന്ന മഷിയുള്ള റെയ്നോൾഡ്സ് പേന കൊണ്ട് 50 ഇൽ 50 എഴുതി ഒരു വട്ടം വരയ്ക്കുമ്പോൾ ഉള്ള ആനന്ദം ഒന്ന് വേറെ തന്നെ ! പക്ഷേ സ്വന്തം ക്ലാസ്സിലെ പേപ്പറുകൾ ഒരിക്കലും എന്റെ കയ്യിൽ വന്നിരുന്നില്ല എന്നാണ് ഓർമ. ആ കാലങ്ങളിൽ എൻ്റെ മറ്റൊരു പ്രധാന ജോലി സാരിയുടെ ഞൊറി എടുക്കാൻ സഹായിക്കുക എന്നതാണ്. അന്ന് ഞാൻ മനസിലാക്കിയ ഒരേ ഒരു സാരി ബ്രാൻഡ് മാത്രമേ ഇപ്പോഴും ചോദിച്ചാൽ എനിക്ക് ആദ്യം നാവിൽ വരികയുള്ളൂ - Garden Vareli. പൂക്കൾ നിറഞ്ഞ പല നിറം വരേലി സാരികൾ കോട്ടയത്ത് വരുന്ന എക്സിബിഷൻ മേളകളിൽ വരുന്നവയായിരുന്നു. ഞാനും അനിയത്തിയും ഒക്കെ വലിയ ക്ലാസുകൾ ആയതിന് ശേഷം ആണ് ഈ തിരക്കുകൾക്കിടയിലും പോയി വാരാന്ത്യ ക്ലാസ്സുകളിൽ പഠിച്ചു MA ബിരുദം കരസ്ഥമാക്കിയത്. ആ മനഃശക്തിയും അർപ്പണബോധവും കുറച്ചെങ്കിലും ജീവിതത്തിൽ പ്രാവർത്തികമാക്കാമായിരുന്നെങ്കിൽ എന്ന് ആലോചിക്കുക മാത്രം ചെയ്യുന്ന ആളാണ് ഇന്നും ഞാൻ.

അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരിൽ എൻ്റെ സ്‌ഥാനം വളരെ താഴെ ആണ്. ഇടയ്ക്കു ലഭിക്കാറുള്ള ഫോൺ വിളികളും കത്തുകളും കാർഡുകളും ഒക്കെ അമ്മയിലെ അധ്യാപികയ്ക്ക് അവർ കൊടുത്തിരിക്കുന്ന സ്‌ഥാനത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു. എവിടെ യാത്രക്ക് പോയാലും പരിചയമുള്ള ആരെങ്കിലും ഒരാൾ "ടീച്ചറേ" എന്ന് വിളിച്ചു വരും എന്ന് പ്രതീക്ഷിക്കുന്ന ഒരു വ്യക്തി ആണ് അമ്മ. അത് വർഷങ്ങളായി താൻ പഠിപ്പിച്ചു വിട്ട ശിഷ്യഗണങ്ങളോടുള്ള ഒരു വിശ്വാസം ആണെന്ന് ഞാൻ കരുതുന്നു.  പല സന്ദർഭങ്ങളിലും അനേക വർഷങ്ങൾ കഴിഞ്ഞു കാണുന്ന ഒരു സ്റ്റുഡന്റിന്റെ പേര് എങ്ങനെ മറക്കാതെ ഇരിക്കുന്നു എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. അമ്മയുടെ ശിഷ്യരിൽ പലരും പല കർമ്മ മേഖലകളിൽ ഉള്ളവരാണ്. അത് കൊണ്ട് തന്നെ അവരിൽ പലരെയും കൊണ്ട് പ്രളയം പോലെ ഉള്ള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ സഹായങ്ങൾ ചെയ്യിക്കാനും അമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സ്കൂളിലെ പ്രവർത്തനങ്ങളിൽ പഴയതിലും കൂടുതൽ അമ്മ ശ്രദ്ധ ചെലുത്താറുണ്ടെന്നു ഞങ്ങളുടെ സംസാരങ്ങളിലൂടെ എനിക്ക് മനസിലാവാറുണ്ട്. പ്രധാനാധ്യാപിക ആയതിന്റെ എല്ലാ തിരക്കുകളും ആവുവോളം സന്തോഷത്തോടെ നടത്തുമ്പോഴും ചെറിയ ചില പ്രശ്‍നങ്ങൾ മറ്റെല്ലാ മേഖലയിലെയും പോലെ അമ്മയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അവയെയെല്ലാം വിവേകപൂർവം കൈകാര്യം ചെയ്തു തൻ്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ് അമ്മ ഇന്ന്. ഈ ദിവസത്തിൽ നാട്ടിൽ എത്തണം എന്ന ആഗ്രഹത്തിൽ തയ്യാറെടുത്തിരുന്ന ഞാൻ അതിനു കഴിയാത്തതിന്റെ വിഷമവും മറച്ചു വയ്ക്കുന്നില്ല. എങ്കിലും ഈ കാലം കഴിയുമ്പോൾ ഔദ്യോഗിക വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ എത്താമെന്ന പ്രതീക്ഷയോടെ ഇപ്പോൾ നിർത്തട്ടെ.


ഇനിയുള്ള നാളുകൾ ഫസ്റ്റ് ബെല്ലും സെക്കൻഡ് ബെല്ലും പോലുള്ള "പ്രതിസന്ധികളെ" ആലോചിക്കാതെ അമ്മയ്ക്ക് ചിലവഴിക്കാം :) കഴിഞ്ഞ കുറെ വർഷങ്ങളുടെ മധുര സ്മരണകളുമായി !

Like someone said -"Retirement is the World's longest coffee break"
HAPPY RETIREMENT LIFE AMMA, ENJOY !







Thursday, January 30, 2020

ഹേ റാം

ഇത് എന്റെ യാത്രയുടെ കഥയാണ്. ഞാൻ ലോകം അറിയുന്നവനായ ഒരു യാത്രയുടെ കഥ. ഇറ്റലിയിലെ ഒരു ചെറു പട്ടണത്തിൽ ആരോരും അറിയാതെ ആണ് എന്റെ ജനനം. കുറച്ചു നാളുകൾക്ക് ശേഷം എന്നെ ദത്തെടുക്കാനായി ഒരു സംഘം വന്നു, മാലാഖമാർ എന്ന് ഞാൻ കരുതിയിരുന്ന ചിലർ. ആ കൂട്ടത്തിന്റെ സന്തോഷവും സന്താപവും അനുഭവിച്ചറിഞ്ഞ നാളുകൾ ആയിരുന്നു പിന്നീട് .സ്ഥലകാല ബോധമില്ലാതെ, അവരുടെ ആക്രോശങ്ങൾക്കിടയിൽ കഴിഞ്ഞു കൂടിയ നാളുകൾ.  രാത്രിയുടെ കമ്പളം വീഴുമ്പോൾ ആ കൂട്ടങ്ങൾ മദ്യലഹരിയിൽ ഉറഞ്ഞു തുള്ളിയിരുന്നു , ചിലർ ദൂരെ എവിടെയോ ജീവിക്കുന്ന പ്രിയരെ ഓർത്തു വിതുമ്പിയിരുന്നു. എങ്കിലും എനിക്കും കൂട്ടുകാർക്കും എല്ലാ സൗകര്യങ്ങളും അവർ ഒരുക്കി തന്നു കൊണ്ടേയിരുന്നു. ഞങ്ങളില്ലാതെ അവർക്ക് മുന്നേറുവാൻ സാധിക്കുമായിരുന്നില്ല ! 

കുറച്ചു നാളുകൾക്കു ശേഷം ഞങ്ങൾ തമ്പടിച്ച ഭൂമിക കലുഷപൂരിതമായി. ആളുകൾ പരസ്പരംവഴക്കടിക്കുകയും ,പീഢിപ്പിക്കുകയും ,  ജീവനെടുക്കുകയും ചെയ്യുന്നത് കാണേണ്ട  അവസ്ഥ എനിക്കുണ്ടായി. അതിലൊക്കെ എന്റെ പങ്കും ഉണ്ടെന്ന് ഉള്ളിലെ മുഴക്കം ഓർമിപ്പിച്ചു കൊണ്ടിരുന്നു. ആ ശബ്ദത്തിന് കാതോർക്കാതെ മറ്റാരോ തെളിക്കുന്ന വഴിയിൽ അവർ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കി ഞാൻ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു. ചിതറിയ രക്ത ചിത്രങ്ങൾ മനസ്സിൽ അച്ചടിച്ച പോലെ പതിഞ്ഞിരുന്നു. ആ നാളുകളിൽ എപ്പോഴോ ജീവനെടുക്കുക എന്നത് എനിക്കൊരു ഹരമായി.എണ്ണി തിട്ടപ്പെടുത്താത്ത അത്രയും ജീവിതങ്ങളെ ഞാൻഉലച്ചു കളഞ്ഞിരുന്നു എന്ന് എനിക്കറിയുന്നുണ്ടായിരുന്നില്ല. ആ യുദ്ധഭൂമിയിൽ നിന്ന് വിട പറയുമ്പോൾ വിജയത്തിന്റെ കൊടി പാറിക്കാൻ എന്റെ മാലാഖമാർ അത്യുത്സാഹം മത്സരിക്കുന്നത് ഞാൻ കണ്ടു. ആരോടും എൻ്റെ സംഘർഷങ്ങളുടെ ഭാണ്ഡം ചുമന്നു സഹായിക്കാൻ അഭ്യർഥിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കാര്യങ്ങൾ വീണ്ടും വഷളായി. സ്ത്രീകളെയും കുട്ടികളെയും പോലും അതിനീചമായ രീതിയിൽ വേട്ടയാടിക്കൊണ്ടിരുന്ന ആ നാളുകളിൽ ഞാൻ എന്നെ തന്നെ വെറുത്തു തുടങ്ങി. ഈ ദുരിതനാളുകൾക്കു ഒരന്ത്യം കാണുമോ എന്ന് പോലും സംശയിച്ചു. കുറച്ചു വര്ഷങ്ങള്ക്കു ശേഷം ചോരച്ചാലുകൾ ഒഴുകിയ ഭൂമിയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നിറങ്ങി. വിധി അപ്പോഴും എനിക്കെതിരായിരുന്നു. എങ്ങോട്ടെന്നില്ലാതെ പരക്കം പാച്ചിലുകൾ - പരിചിത ഭാഷയും ഭൂമിയും വിട്ടു കടൽ താണ്ടി നീങ്ങിയ പായക്കപ്പലുകളുടെ ഉള്ളിലെ ഇരുട്ടറയിൽ ഇളകിയാടി ഉള്ള യാത്രകൾ. യുദ്ധഭൂമിക്ക് നിറം ചാർത്താൻ അവർ  എന്നെ വീണ്ടും കരുവാക്കിക്കൊണ്ടിരുന്നു. സ്വന്തം മണ്ണിന് വേണ്ടി പോരാടിയ കുറേ ജീവിതങ്ങളെ നിഷ്‌കരുണം തളർത്തിയടിച്ചു മുന്നേറി ഞങ്ങൾ. കലുഷിതമായ നാളുകൾക്കൊടുവിൽ ഇറ്റാലിയൻ സുഹൃത്തുക്കളുടെ പക്കൽ നിന്നും ഒരു പറിച്ചുനടൽ വേണ്ടി വന്നു. വെയിലിലും മഴയിലും മഞ്ഞിലും ചില നേതാക്കളുടെ ദുരഭിമാനത്തിന് വേണ്ടി പൊരുതി കൊണ്ടിരുന്ന ഒരു കൂട്ടം ഭ്രാന്തന്മാർ എന്ന വിശേഷണത്തിന് ഉചിതരായവർ ആയിരുന്നു പിന്നീട് കുറെ നാളുകൾ എന്നെ നിയന്ത്രിച്ചത്.

കുറച്ചു കാലങ്ങൾക്കു ശേഷം ഞാൻ കൈകൾ മാറി കരകൾ താണ്ടി സമാധാനത്തിന്റെ ലോകത്തിൽ എത്തിയ പോലെ തോന്നി. ചുറ്റും സ്നേഹം നിറഞ്ഞ മനുഷ്യർ, കാളവണ്ടികൾ നിറഞ്ഞ നിരത്തുകൾ, ധൂപങ്ങളിൽ നിന്ന് സുഗന്ധവും, മണികളിൽ നിന്ന് നാദവും ഒഴുകുന്ന വഴിത്താരകൾ. അവിടെ സംഗീതം താളം കെട്ടി നിന്നിരുന്നു. കഷ്ടതയുടെ നാളുകൾ മാറി എന്ന് ഞാൻ ആശ്വസിച്ചു. എന്ത് കൊണ്ടെന്നറിയില്ല, ഈ നാട്ടിൽ ഞാൻ കണ്ട ആളുകൾ എന്നെ നോക്കിയിരുന്നത് തെല്ലു സംശയത്തോടെയും അതിലേറെ ഭയത്തോടെയും ആയിരുന്നു. ചിലർ സ്ഥിരമായി എന്നെ വന്നു കണ്ടു കൊണ്ടിരുന്നു, ചാഞ്ഞും ചെരിഞ്ഞും അവർ എന്നെ പഠിക്കുകയായിരുന്നു എന്ന് തോന്നി. ഒരു നാൾ എന്നെ ആരൊക്കെയോ രഹസ്യമായി അവിടെ നിന്ന് കടത്തിക്കൊണ്ടു പോയി, എങ്ങോട്ടെന്നറിയില്ല - കുറച്ചു ദിവസത്തെ യാത്രക്കൊടുവിൽ ഒരു രാത്രി അയാൾ  ഒരു മഹാനഗരത്തിലെ ഹോട്ടൽ മുറിയിൽ എന്നോടൊപ്പം ചിലവഴിച്ചു. ആ രാത്രി അയാൾ അസ്വസ്ഥനായി കാണപ്പെട്ടു. വളരെ ചൂട് പിടിച്ച ചർച്ചകൾ നടന്നു , എന്തോ ഒരു ആപത്തിലേക്കാണ് ഇയാൾ എന്നെ കൊണ്ട് പോകുന്നത് എന്ന് തോന്നി.

പിറ്റേന്ന് രാവിലെ ഒരു പ്രൗഢ മന്ദിരത്തിലേക്കാണ് ഞങ്ങൾ  പോയത്.  ആളുകൾ നിറഞ്ഞ അതിൻറെ  മുറ്റത്തെ പുൽമൈതാനിയിലേക്ക് ഒരു വൃദ്ധൻ നടന്നു വരുന്നുണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തോടുള്ള ആദവരവെന്നോണം വഴിമാറി കൊടുക്കുകയും അവരുടെ ഭാഷയിൽ സ്തുതി വചനങ്ങൾ മൊഴിയുന്നുമുണ്ടായിരുന്നു. എൻ്റെ യജമാനൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി ആ വൃദ്ധനെ സമീപിച്ചു.ആനിമിഷത്തിലാണ് അയാൾക്ക്‌ എൻ്റെ സഹായം വേണ്ടിയിരുന്നത്. എന്റേത് മാത്രമായ ആ ശക്തിയെ അയാൾ ദുരുപയോഗം ചെയ്തു, ആരെന്നറിയാത്ത ആ വൃദ്ധനെ ഞാൻ ആക്രമിച്ചു. ശ്വേതം ലോഹിതമായ നിമിഷം, ചുറ്റും അലർച്ചകൾ. ആകാഹളങ്ങൾക്കും മുകളിൽ  രണ്ട് പദങ്ങൾ അലയടിച്ചു നിന്നു

                                                             "ഹേ റാം"

ഞാൻ, ബെറേറ്റ ....





Tuesday, December 31, 2019

Reflections on the past decade

Here I am, sitting on my couch on a gloomy Monday morning, staring at my work laptop to catch up on emails. Little did I know in the beginning of this decade that I will be half way around the world when it ends. Undoubtedly, this decade gifted me some of the unforgettable mementos of my life.  Well, I don't say it 'My Life' anymore. Because, I am just not me now, It is "Us". 

My journey into this decade started off quietly from the laid back night scene of our little bachelor pad at the AECS layout of the Brookfield area in Bangalore. By the mid of 2010, there were talks about an upcoming project role in the US office of my client. Many of my colleagues, who are seniors to me, were considered for that position. Some were not interested to make a move overseas, some unfortunately couldn't break the red tape of the agonizing visa procedures for the US work permit. Luck played a trick in my case and I was the chosen one - To travel to an unknown land for work. I landed in this nation as an alien on Feb 19th, 2011 and continue to stay so even today. I was suddenly shifted into a lifestyle that was very different from my upbringing. The day to day life taught me new things. Months passed by quickly; I got accustomed to this nation's way of living. It affected everything including my habits, my thoughts, my perception to life. 

It was in the year of 2012 that I fell victim to the conspiracy plans of my family. There were discussions of getting 'settled' in life. Although baffled at this very idea of marriage initially, I went on to nod an approval for the process of matchmaking. In not much time, I realized that I found my partner in crime - Uma - A rock star who seamlessly shape-shifts into the roles of a Wife, Mother, Professional, Dancer, Motivator, Teacher and at times a teeny-weeny Annoyer (PS - I Love You 💖 ! ). We talked for few days initially, soon realized mutually that we were able to communicate in ease - the very essence of a companionship. We got engaged and married in a matter of 6 months - Jun 9th, 2013 was our big day - A day that changed our life forever. It was like a confluence of two separate streams - thereon agreed to flow together until eternity. The most memorable days of our life - I must say. Life blossomed further in all its glory. A year's journey took us to a crossroad with a marker which had 'Parenthood' written in it. There was no going back. Our dear Kunjibi came into the mix - Needless to say, she made it more flavorful - Mar 14th, 2015 ! 

As years passed by, we were setting up the life fortress without even realizing it. Some achievements came along our way, Uma got her Master's in the summer of 2018. I have fulfilled the dream of a full time job in a reputable company. We moved from Bay Area to the much calmer Phoenix (in all terms). Uma also gladly accepted the offer of a job that came along her way from the same company. Thus we decided to settle down in the desert - The landscape that gives you evening vistas to behold for a lifetime. A new dwelling was another major milestone we achieved in this decade. We are filling our fortress with memories and moments - Both happy and sad. 

Kutty turned into a married woman from the little child I used to nag every now and then. Achan entered into his retirement life, Amma soon will follow the path. Two of my dearest people attained eternity this decade. Muthashi - My first roommate, if I may put it casually ! Mid toddler days to early adolescent years, we used to sleep together. One thing I still carry with me, which she taught me in those tender years, is my bedtime prayer. Even though I don't say it out loud, somewhere in the corner of my mind it echoes during my initial seconds into the bed every night. Now a days, it feels more of a discipline than few lines of chants. Then there is Muthashan's memory parade - The man whom I idolized for his relaxed way of living. Top of the line memories of those grand Yezdi rides to his special sessions of Kesari making to the coconut harvest sessions in the summer holidays😄 

The last few years taught me many things - To be a better human being, to be a better husband, to be a better father, to be a better son, to be a better brother, to be a better cook, to be a better crier, to be a better writer, to be a better reader, to be a better professional, to be a better believer, to be a better listener, to be a better friend and to an infinite set of 'to be a better'. All I can see when I look back is Gratitude. It's a religion that I believe in, now a days. Offering our gratitude to those who remember us often, who love us unconditionally and who keep us in their prayers. Now, My mind is time traveling to many places, fondly retrospecting the wonderful moments the journey offered so far - Thank You for the memories ! 

When the new decade is opening the door for us, we don't know what all it has in store. But I am sure to take all that I gathered and learned in the past years and use those to thrive the wondrous journey called 'Life' 🙏

Sunday, December 08, 2019

മാതൃവഴിയിലൂടെ - ഭാഗം 1


ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട യാത്രയാണ് ഞാൻ കഴിഞ്ഞ ആഴ്ച നടത്തിയത്.ഉമയും ശ്ലോകയും നാട്ടിൽ പോയതിനാൽ, വരും ദിനങ്ങളിലെ വിരസത മാറ്റാൻ തന്നെ ഞാൻ ഈ യാത്ര കുറച്ചു മുൻകൂട്ടി പദ്ധതിയിട്ട ഒന്നാണ്. ഒറ്റക്കുള്ള ഒരു യാത്ര - ആ അനുഭവം എങ്ങനെയെന്നറിയാനുള്ള ഒരു ആകാംക്ഷ. ഒരു രാജ്യത്തിൽ ജീവിക്കുമ്പോൾ ആ രാജ്യത്തിന്റെ ഹൃദയത്തെ തൊട്ടറിയുന്ന യാത്രകളും വളരെ പ്രാധാന്യം വഹിക്കുന്ന ഒന്നാണ്. ആ കാരണത്താൽ ഞാൻ തിരഞ്ഞെടുത്ത വഴി അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറേ തീരത്തേക്കുള്ള വളർച്ചയുടെ നട്ടെല്ല് എന്ന് വിളിക്കുന്ന "റൂട്ട് 66 " ആയിരുന്നു. ആദ്യ കാല റോഡ് എന്ന പ്രത്യേകത കൊണ്ട് തന്നെ ഇതിനെ "The Mother Road" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞങ്ങൾ താമസിക്കുന്ന ഫീനിക്സ് പട്ടണത്തിൽ നിന്ന് ഏകദേശം 1500 മൈൽ    (2400 കിലോമീറ്റർ) ദൂരെ ഉള്ള സെയിന്റ് ലൂയിസ് എന്ന പട്ടണം ആയിരുന്നു എന്റെ ലക്ഷ്യ സ്ഥാനം. നവംബർ 5 വൈകിട്ട് പുറപ്പെട്ടു നവംബർ 12 രാവിലെ മടങ്ങിയെത്തിയ ഒരാഴ്ച നീണ്ട റോഡ് ട്രിപ്പ്.യാത്രക്ക് വേണ്ട  തയ്യാറെടുപ്പുകൾ ഞാൻ നേരത്തെ തന്നെ ഒരു പേപ്പറിൽ കുറിച്ചിരുന്നു . അത് പോലെ ഓരോ ദിവസവും രാത്രി താമസിക്കേണ്ട ഹോട്ടലുകളും നേരത്തെ തന്നെ ബുക്ക് ചെയ്തു. വൈകിട്ട് 8 മണിയോടെ വാടകക്കെടുത്ത ജീപ്പുമായി ഞാൻ യാത്ര തുടങ്ങി. ഇരുൾ വീണ വഴികളിൽ, നഗരത്തിന്റെ തിരക്കുകളെയും വിളക്കുകളെയും പിന്നിട്ട് ആ രാത്രി ഞാൻ എത്തിയത് തൊട്ടടുത്ത സംസ്‌ഥാനം ആയ ന്യൂ മെക്സിക്കോയിലെ ചെറിയൊരു പട്ടണം ആയ ഗാലപ്പിൽ  (Gallup) ആയിരുന്നു.

ആ ദിവസത്തെ ജോലിയും വണ്ടി ഓടിക്കലും കഴിഞ്ഞു എത്തിയ ആ ഹോട്ടൽ മുറിയുടെ കട്ടിൽ എന്നെ താലോലിച്ചു ഉറക്കി എന്ന് വേണം പറയാൻ. പിറ്റേന്ന് രാവിലെ എണീറ്റപ്പോഴാണ് ഞാൻ ആ ഹോട്ടലിന്റെ പരിസരം തന്നെ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ വളരെ അധികം യാത്രികർ രാത്രി കഴിച്ചുകൂട്ടാൻ വന്നിരുന്ന ഒരു ഹോട്ടൽ ആയിരുന്നു ഞാൻ താമസിച്ച El Rancho ഹോട്ടൽ, അതിന്റെ ലോബി ഗതകാലസ്മരണകൾ ഇപ്പോഴും സൂക്ച്ചിരിക്കുന്ന ഒരു സ്ഥലം ആണ്. കൗബോയ് സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള പിരിയാൻ കോവണിയും, തടിയിൽ തീർത്ത തൂണുകളും ഒക്കെ ഉള്ള ഒരിടം. അവിടെ നിന്ന് ഇറങ്ങി ഞാൻ അന്ന് രാവിലെ തൊട്ടടുത്തുള്ള ഒരു റസ്റ്റാറ്റാന്റിൽ ഭക്ഷണം കഴിക്കാൻ കയറി. അവിടുത്തെ തിരക്കും ആൾക്കാരുടെ ബഹളവും ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത് അത് അവിടുത്തെ ഒരു ലോക്കൽ ഫേവറേറ്റ് സ്ഥലം ആണെന്നാണ് - ന്യൂ മെക്സിക്കൻ കുസീൻ എന്ന ഭക്ഷ്യ ബ്രാൻഡ് . കഴിക്കാൻ വെജിറ്റേറിയൻ വിഭവങ്ങൾ ഒന്നും തന്നെ മെനുവിൽ കണ്ടില്ല. അമേരിക്കയുടെ തനത് സംസ്ക്കാരം ഉള്ള ഇത് പോലത്തെ ഉൾനാടൻ ഇടങ്ങളിൽ ഞാൻ അത്  പ്രതീക്ഷിച്ചതുമില്ല. വെയ്റ്ററിനോട് ചോദിച്ചപ്പോൾ അവർക്കു വെജിറ്റേറിയൻ തമലസ് - ചോളത്തിന്റെ ഇലയിൽ പൊതിഞ്ഞു വേവിച്ചെടുക്കുന്ന ഗോതമ്പ് മാവ്  - അതിനുള്ളിൽ വേവിച്ച പച്ചക്കറികളും, മുകളിൽ സോസ് പോലെ തക്കാളിയും ചീസും . നമ്മുടെ സമോസ ഒക്കെ കഴിക്കുന്ന ഒരു അനുഭവം.
El Rancho Hotel  Lobby 
Veggie Tamales 

അവിടുന്ന് ഞാൻ യാത്ര തുടങ്ങി. പ്രകൃതി അത്ര സന്തോഷവതി ആയിരുന്നില്ല. കരയാൻ തയ്യാറായി നിൽക്കുന്നു.ആകുലതകളും വ്യാകുലതകളും എനിക്ക് വേണ്ടിയിരുന്നില്ല. ഞാൻ ജീപ്പും തെളിച്ചു മുൻപോട്ടു കുതിച്ചു. രണ്ടുവരി പാതയാണ് ഞാൻ ഓടിക്കുന്ന I -40 - അധികം വൈകാതെ മഴ കനത്തു . റോഡ് കാണാൻ പറ്റാത്ത രീതിയിൽ ശക്തമായി പെയ്യുന്ന പേമാരിയെ വകഞ്ഞു മാറ്റി വൈപ്പറുകൾ എനിക്ക് വഴികാട്ടികളായി. ആൽബർകുർക്കീ എന്ന പട്ടണം പിന്നിടുമ്പോൾ വഴിയുടെ ഇടതു വശത്തു തലയുയർത്തി നിൽക്കുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ പാറക്കൂട്ടങ്ങൾ ആയിരുന്നു. അതിനുമപ്പുറം കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന സമതലം. എല്ലാ വർഷവും ഈ നഗരത്തിൽ ഒരു ഇന്റർനാഷണൽ ബലൂൺ ഫെസ്റ്റിവൽ നടത്തി വരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഇത് കാണാനും മത്സരിക്കാനും ആളുകൾ എത്തുന്നു - ഒക്ടോബറിന്റെ ആദ്യ ആഴ്ചയിൽ ആണ് ഇത് നടക്കുക. ആവിനിറച്ചു ആകാശത്തിലേക്ക് ഉയരുന്ന ആ ബലൂണുകളിൽ പലതരം ചിത്രങ്ങൾ ഉണ്ടാകും , ഇതൊക്കെ നേരിട്ട് കാണാൻ ഞങ്ങൾ വരും കൊല്ലങ്ങളിൽ പോണം എന്നും ആശിക്കുന്നു. രണ്ട് മണിക്കൂറുകൾ കഴിഞ്ഞു ഞാൻ എത്തിയത് വലിയ തിരക്കൊന്നും ഇല്ലാത്ത Santa Rosa ഇൽ ആയിരുന്നു . അവിടെ ഒരു വിചിത്രാനുഭവം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു കിണർ - 80 അടി താഴ്ച ഉള്ള നീല വെള്ളം നിറഞ്ഞ ഒരു ഗർത്തം. ഇതിന്റെ അടിയിലേക്ക് ഡൈവേഴ്‌സ് പോവാറുണ്ട്. ഞാൻ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. അതിനു ചുറ്റും നടക്കാനായി പടികൾ കെട്ടിയിട്ടുണ്ട്.അവിടത്തെ കാഴ്ചകൾ ക്യാമറയിൽ പകർത്തി ഞാൻ വീണ്ടും യാത്ര തുടര്ന്നു .
Blue Hole 













കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞാൻ ടെക്സസിന്റെ മണ്ണിൽ എത്തി. ടെക്സസിന്റെ വടക്കൻ ഭാഗങ്ങൾ താരതമ്യേന തണുപ്പ് കൂടിയ ഇടങ്ങൾ ആയിരുന്നു. രാത്രി ഞാൻ താമസിച്ച സ്ഥലം Amarillo ആയിരുന്നു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് എബിയുടെയും ജെകെയുടെയും സുഹൃത്തായ പാർത്ഥിപൻ അവിടെ ആണ് പോസ്റ്റ് ഡോക്ടറേറ്റ്  ചെയ്യുന്നതെന്ന്. ഒത്തിരി രാത്രികളിൽ ഞങ്ങളുടെ സംസാരങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരാളായതിനാൽ ഒന്നും പരിചയപ്പെടാം എന്ന് കരുതി അന്ന് രാത്രി അയാളുടെ അപ്പാർട്മെന്റിൽ പോയി കുറച്ചു സമയം ചിലവഴിച്ചു. കാഴ്ചയിൽ ജെകെയുമായി അസാധ്യ സാമ്യം ഉള്ള ഒരു പയ്യൻ. പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്ന് വെളിയിൽ ഇറങ്ങിയപ്പോഴാണ് തലേ രാത്രിയിലെ കാറ്റും മഴയും എന്ത് മാറ്റമാണ് സമ്മാനിച്ചതെന്നു മനസിലാക്കിയത്. ഫോണിൽ നോക്കിയപ്പോൾ മൈനസ് 10 ഡിഗ്രി തണുപ്പ്. കോട്ടും ഉള്ളിലെ 2 ലെയർ വസ്ത്രങ്ങളും കുറെ രക്ഷ നൽകി. എന്നാലും വണ്ടിയുടെ അടുത്തെത്തിയ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. രാത്രി അടിച്ച തണുത്ത കാറ്റിൽ എന്റെ ജീപ്പ് മരവിച്ചിരിക്കുന്നു. ഇടത്തിലും മുന്നിലും ഉള്ള ഗ്ലാസ്സുകളിൽ വെള്ളം കട്ട പിടിച്ചിരിക്കുന്നു. മഞ്ഞിൽ കൂടി വണ്ടി ഓടിച്ചിട്ടുണ്ടെങ്കിലും, മരവിച്ചിരിക്കുന്ന വണ്ടി ആദ്യത്തെ അനുഭവം ആയിരുന്നു. കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോൾ ഹീറ്റർ ഓൺ ആക്കി കുറച്ചു നേരം വച്ചാൽ എല്ലാം ഉരുകി പോകും എന്ന് മനസിലാക്കാൻ പറ്റി . ഒരു പുതിയ പഠനത്തോടെ  അന്നത്തെ യാത്ര ഞാൻ തുടങ്ങി വച്ചു .
Frozen Windows of the Jeep - @Amarillo, TX




തലേ ദിവസം നടന്ന സംസാരത്തിൽ പാർത്ഥിപൻ പറഞ്ഞു തന്ന ഒരു സ്ഥലമാണ് ഞാൻ രാവിലെ കഴിക്കാൻ തിരഞ്ഞു എടുത്തത്.അമറില്ലോയിൽ റൂട്ട് 66 കടന്ന് പോകുന്ന ഒരു പ്രധാന തെരുവിൽ ആണ് കഫേ 906. കുറച്ചു ചിത്രങ്ങൾ അവിടെ നിന്നും ക്യാമെറയിൽ ആക്കി ഞാൻ യാത്ര ആരംഭിച്ചു. ഇന്നെനിക്ക് യാത്ര ചെയ്തു എത്തേണ്ടത് ഒക്ലഹോമ എന്ന സംസ്‌ഥാനത്തിലെ Tulsa എന്ന പട്ടണത്തിൽ ആണ്. ഉച്ചസമയം വരെ പോകുന്ന വഴിയിൽ നിർത്തി കാണുവാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇരു വശവും പാടങ്ങളും നടുവേ നീണ്ടു കിടക്കുന്ന  അമേരിക്കൻ റോഡ് വ്യവസ്‌ഥയുടെ നട്ടെല്ലായ റൂട്ട് 66. സമയം ഉച്ച കഴിഞ്ഞതോടെ കഴിക്കാനായി ഒരു സ്ഥലം നോക്കി തുടങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് റോഡിന്റെ വശത്തുള്ള ഒരു വലിയ ഹോർഡിങ് ഞാൻ ശ്രദ്ധിച്ചത്. കുറച്ചു മൈലുകൾക്കപ്പുറം പഞ്ചാബി ധാബ ഉണ്ടെന്നാണ് എഴുതിയിരുന്നത്. അങ്ങോട്ടുള്ള വഴിയിൽ ഞാൻ ആലോചിച്ചത് ആ സമൂഹത്തിന്റെ ഒരുമയെ കുറിച്ച് ആയിരുന്നു. പ്രധാന നഗരങ്ങൾ ഒന്നും തന്നെ 2-3  മണിക്കൂർ ദൂരത്തില്ല. Sayre എന്ന ആ ചെറിയ ഗ്രാമത്തിൽ അങ്ങനെ ഒരു സംരഭം നടത്തുന്നത് ബിസിനസ് മോഹങ്ങൾക്കല്ല മറിച്ചു കൂറ്റൻ ട്രക്കുകളിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വരുന്ന തങ്ങളുടെ സഹോദരന്മാരുടെ സേവനത്തിന് ആണ്. സിഖ് വിഭാഗം എന്ത് കൊണ്ട് അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റ വിഭാഗം ആയി എന്നതിനുള്ള ഉത്തരം അവരുടെ ഈ സേവന മനോഭാവത്തിന് ഒരു വലിയ പങ്കുണ്ടാകുമെന്നു എനിക്ക് തോന്നി. അത് പോലെ തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത അമേരിക്കയിലെയും കാനഡയിലെയും  ട്രക്ക് ഡ്രൈവറുമാർ ഒരു വലിയ ശതമാനം പഞ്ചാബികൾ ആണ് എന്നുള്ളതാണ്. അവിടെ എത്തിയ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്ന് കൂടി ആയിരുന്നു  - ആ പരിമിത സൗകര്യത്തിൽ അവിടെ എത്തുന്ന ആളുകൾക്ക് പ്രാർത്ഥന നടത്താനുള്ള ഒരു ചെറിയ സംവിധാനം കൂടി തരപ്പെടുത്തിയിട്ടുണ്ട്. ആവി പാറുന്ന ചായയും  പറാത്തയും കറിയും ഒക്കെ ഒരു ഉത്തരേന്ത്യൻ ധാബയെ ഓര്മപ്പെടുത്തുന്നതായിരുന്നു.

Paratha 


Sayre Gurudwara - Sayre, OK

രണ്ടു മണിക്കൂർ നീണ്ട ആ യാത്ര കഴിഞ്ഞു ഞാൻ എത്തിയത് El Reno എന്ന ഒരു ചെറിയ പട്ടണത്തിൽ ആയിരുന്നു. 1900 ആദ്യകാലങ്ങളിൽ പണിത ചില കെട്ടിടങ്ങൾ ഒക്കെ ഉള്ള ഒരിടം. അവിടെ കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം ഞാൻ ഒക്ലഹോമ സിറ്റി എന്ന പട്ടണത്തിൽ എത്തി. റൂട്ട് 66-ഇലെ മറ്റൊരു ആകർഷണമായ മിൽക്ക് ബോട്ടിൽ ഗ്രോസറി കാണാൻ ആണ് ഞാൻ വണ്ടി നിർത്തിയത്. ഇന്ന് നവീകരിക്കപ്പെട്ട നഗരമധ്യത്തിൽ പഴമയുടെ കാവലാൾ ആയി നിൽക്കുന്ന ഒരു ചെറിയ കെട്ടിടം ആണിത്. അതിന്റെ നിൽപ്പിനെ ബാധിക്കാത്ത രീതിയിൽ വഴി വികസിപ്പിച്ചിരിക്കുന്നു. തലയിൽ ഒരു തൊപ്പി എന്ന പോലെ ഒരു പാൽക്കുപ്പിയും.

Anheuser Busch company 1902 building . @El Reno, OK
Milk Bottle Grocery

ആ രാത്രി ഞാൻ തങ്ങിയ ഇടം ഇന്ത്യൻ ബിസിനസ് ശൃംഖല ആയ Oyo hotels ഉടമസ്ഥതയിലുള്ള ഒരു ഹോട്ടൽ ആയിരുന്നു. അവർ മറ്റ് രാജ്യങ്ങളിലേക്ക് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ വളർന്നിരിക്കുന്നു എന്നത് ആ കമ്പനിയുടെ നേതൃത്വത്തിന്റെ മികവായാണ് ഞാൻ വായിച്ചെടുക്കുന്നത്. താരതമ്യേന പഴക്കം ചെന്ന ചെറുകിട മോട്ടലുകൾ ആണ് അവർ ആദ്യഘട്ടം എന്ന നിലയ്ക്ക് ലക്ഷ്യമിടുന്നത്. അത് പോലെ തന്നെ ഇവിടെ ഹോട്ടൽ/മോട്ടൽ ബിസിനസ് നടത്തുന്ന വലിയ ഒരു വിഭാഗം ഗുജറാത്തികൾ  ആണെന്നും മറ്റൊരു സത്യം. ആ നിലയിൽ നോക്കുമ്പോൾ Oyo ബിസിനസ്സ് വളർത്താൻ കൂട്ട് പിടിച്ചിരിക്കുന്നത് അമേരിക്കൻ മണ്ണിലെ ബിസിനസ് കളികൾ അറിയുന്ന ഇന്ത്യൻ വിഭാഗത്തിനെ തന്നെ ആണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. വൃത്തി ലേശം കുറവുള്ള സ്ഥലമായതിനാൽ മടക്കയാത്രയിൽ ഇവിടെ തന്നെ ചെയ്തിരുന്ന ബുക്കിംഗ് അന്ന് രാത്രി തന്നെ ഞാൻ ക്യാൻസൽ ചെയ്തു !

അടുത്ത ദിവസത്തെ യാത്രയിലെ ആദ്യ ലക്ഷ്യം  ഹൈവേയിൽ നിന്ന് കുറച്ചു വിട്ട് ഒരു ചെറിയ ഗ്രാമത്തിൽ ഉള്ള ഒരു കുളത്തിൽ ആയിരുന്നു. കുളമോ - അതെ, വെറും ഒരു കുളം അല്ല - നല്ല വലിപ്പമുള്ള ഒരു നീല തിമിംഗലം ഉള്ള കുളം ! 'Blue Whale of  Katoosa' എന്നാണ് അതിന്റെ പേര്. ഞാൻ അവിടെ എത്തുമ്പോൾ മറ്റൊരു കാറിൽ വന്ന ഒരു കുടുംബവും കൂടിയേ അവിടെ ഉണ്ടായിരുന്നുള്ളു. കുറച്ചു കാലം മുൻപ് വരെ അതിൽ ഈ മത്സ്യഭീമന്റെ മേലിലൂടെ ഉരസി വെള്ളത്തിലേക്ക് ഊഴിയിടാൻ അനുവദിച്ചിരുന്നു. എന്ത് കൊണ്ടെന്നറിയില്ല - ഇപ്പോൾ അത് ചെയ്യരുത് എന്ന് ഫലകങ്ങൾ സ്ഥാപിച്ചു കണ്ടു. ഞാൻ അതിനുള്ളിലൂടെ നടന്നു അക്കരെ ശീതകാല നിദ്രക്ക് ഇല പൊഴിക്കാനായി തയ്യാറെടുക്കുന്ന ശാഖികളെ കുറച്ചു നേരം നോക്കി നിന്നു. പിന്നീട് സ്വൽപ്രതിഭലനത്തെ കൈപ്പിടിയിലെ ചതുരക്കട്ടക്കുള്ളിലാക്കി അവിടെ നിന്നും യാത്രയായി.
Blue Whale of  Katoosa




ടെക്സസിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴും ഒന്നോ രണ്ടോ വട്ടം ഞാൻ ശ്രദ്ധിച്ച ഒരു ബോർഡ് ഉണ്ടായിരുന്നു - 'National Battlefield' എന്നായിരുന്നു അതിൽ എഴുതി കണ്ടത്. ഒരു എക്സിറ്റ് എടുത്തു പോയി നോക്കിയെങ്കിലും അത് 30 മൈൽ ഉള്ളിലേക്കാണെന്ന് കണ്ടപ്പോൾ തിരിച്ചു ഹൈവേയിലേക്കിറങ്ങി . ഇപ്പോഴിതാ ഒക്‌ലഹോമയിലും അത് പോലെ ഒരെണ്ണം കാണുന്നു - Wilson Creek Battlefield എന്നാണ് പേര് . എന്നാൽ അത് കൂടി ഒന്ന് കാണാം എന്ന് കരുതി വണ്ടി തിരിച്ചു. രണ്ടോ മൂന്നോ വണ്ടികൾ മാത്രം ആണ് അവിടെ ഉണ്ടായിരുന്നത്. വിസിറ്റർ സെന്ററിൽ കയറി ഒരു മാപ്പ് വാങ്ങിയാൽ  നമുക്ക് തന്നെ അതിനുള്ളിൽ കൂടി ഓടിച്ചു പോവാം. ഞാൻ എന്റെ കയ്യിലെ വീഡിയോ കാമറ ഓൺ ചെയ്തു വണ്ടിയുടെ മുമ്പിൽവച്ചു. ആഭ്യന്തര യുദ്ധങ്ങൾ അനവധി നടന്ന ഇടങ്ങൾ ഉണ്ട് മധ്യ പടിഞ്ഞാറൻ അമേരിക്കൻ മണ്ണിൽ - അത് പോലെ ഒരു സ്ഥലത്തൂടെ ആണ് ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നത്. ആയിരത്തിഎണ്ണൂറുകളിൽ നടന്ന യുദ്ധ ഭൂമിയും അന്നത്തെ നേതാവ് മരണപ്പെട്ട ഇടവും അവിടെ താമസിച്ചിരുന്ന ഒരു കര്ഷകകുടുംബത്തിന്റെ വീടും ഒക്കെ അവിടെ സംരക്ഷിച്ചിരിക്കുന്നു. അമേരിക്കക്ക് ചരിത്രം പറയാൻ 300 കൊല്ലങ്ങൾ വരെയേ പോകാൻ ഇന്ന് പറ്റുകയുള്ളു. അവരുടെ ചെറു സമരസ്മാരകങ്ങളെ, തന്ത്രപ്രധാനമായ തീരുമാനങ്ങൾ നടന്ന സ്ഥലങ്ങളെ ഒക്കെ നാഷണൽ ഹിസ്റ്റോറിക് സൈറ്റ് എന്ന ലേബൽ നൽകി വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കുകയാണവർ. ആ ചെറിയ കാനനത്തിലൂടെ ഇന്ന് അനവധി മാൻകൂട്ടങ്ങളുടെ വിഹാര കേന്ദ്രങ്ങൾ ആണ്. വണ്ടി വീണ്ടും മൈൽ കുറ്റികൾ പിന്നിലാക്കി പാഞ്ഞു. മിസോറി സംസ്‌ഥാനത്തിലേക്കു ഞാൻ അടുത്ത് കൊണ്ടിരിക്കുകയായിരുന്നു. അന്ന് സന്ധ്യയോടെ St Louis ഇൽ എത്താം എന്ന് മനസ്സിൽ കരുതി. Wagon Wheel Motel എന്ന പഴയകാലരാത്രി സത്രവും ഞാൻ സന്ദർശിച്ചു. നഷ്ടപ്രതാപത്തിന്റെ ഓർമകളും പേറി നിൽക്കുന്ന ചില ജീവിക്കുന്ന സ്മാരകങ്ങളും അവിടെ കാണാൻ സാധിച്ചു - തകര പോലെ ഉള്ള ഒരു കാറും, തുരുമ്പെടുത്ത പഴയ പെട്രോൾ പമ്പും മറ്റും.

Cuba in USA :-) - Cuba, MO




St Louis അടുക്കുംതോറും പ്രകൃതി കൂടുതൽ ആനന്ദവതി ആയിരിക്കുന്നു എന്നെനിക്കു തോന്നി. തൻ്റെ  മുഖത്തെ മൂടുപടം മാറ്റി സൂര്യൻ ചിരിച്ചു. ജീപ്പിന്റെ ഇരമ്പലും ജീപ്പിനുള്ളിലെ ഗാനവും എൻ കര്ണങ്ങളെ ത്രസിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തിനു ശേഷം ഞാൻ ലക്ഷ്യസ്‌ഥാനത്തിലെത്തി. നഗരമധ്യത്തിൽ തന്നെ ഉള്ള ഹിൽട്ടൺ ഹോട്ടലിൽ ആണ് ഞാൻ അന്ന് രാത്രി താമസിച്ചത്. അവിടുത്തെ പ്രധാന കാഴ്ചകൾ ഒക്കെ തന്നെ ഈ ഹോട്ടലിൽ നിന്നും നടക്കാൻ ഉള്ള ദൂരത്തിൽ ആയിരുന്നു. ദീർഘ നേരത്തെ വാഹനനിയന്ത്രണം എൻ്റെ സിരകളെ ക്ഷീണിതരാക്കിയിരുന്നു. തൊട്ടടുത്ത് തന്നെ ഉള്ള ഒരു കടയിൽ നിന്ന് ഭക്ഷണവും കഴിച്ച ഞാൻ മുറിയിലെത്തി കട്ടിലിലെ പുതപ്പിനുള്ളിലേക്കു ചുരുണ്ടു. വെളിയിൽ ഇരുട്ട് കനത്തിരുന്നു. നിദ്രയുടെ ഇരുട്ടറകളിലേക്കു നീങ്ങുന്ന എൻ്റെ കണ്ണുകളെ ഞാൻ തടഞ്ഞില്ല. കാരണം, നാളത്തെ കാഴ്ചകളെ പ്രണയിക്കാൻ ഊർജസ്വലരായി തിരിച്ചുവരാം എന്ന് അവർ എനിക്ക് ഉറപ്പു തന്നിരുന്നു.

Sunset view from Hilton Downtown St .Louis



Monday, May 13, 2019

മുത്തശ്ശിയോർമകൾ

മറ്റൊരു ഞായറാഴ്ച , മറ്റൊരു ഒത്തുകൂടൽ. പോട്ട് ലക്ക് (എല്ലാവരും ഓരോരോ സാധനങ്ങൾ ഉണ്ടാക്കുക) ആയതു കൊണ്ട് ഞങ്ങൾക്ക് നറുക്കു വീണത് 'രസം'. ഉച്ചയൂണിനു പാകത്തിന് സുഹൃത്തിന്റെ വീട്ടിൽ എത്താമെന്നാണ് പദ്ധതി. എന്റെ കുളി ഒക്കെ കഴിഞ്ഞു എത്തി, സഹധർമിണിയോട് പോയി റെഡി ആവാൻ പറഞ്ഞിട്ട് ബാക്കി ഉള്ള അടുക്കള പരിപാടി സ്വയം ഏറ്റെടുക്കാൻ ഉള്ള "വിശാലമനസ്കത" കാട്ടി ഞാൻ ! ബാക്കി ചെയ്യേണ്ട കാര്യങ്ങളുടെ വിശദ വിവരങ്ങൾ തന്ന് കൊണ്ട് ഭാര്യ സീനിൽ നിന്ന് മറഞ്ഞു.  എനിക്ക് വേണ്ടി തിളയ്ക്കുന്ന രസം അടുപ്പിൽ, പറഞ്ഞു തന്നതിലെ പ്രധാനചേരുവയായ പുളി പിഴിഞ്ഞൊഴിക്കൽ നടത്തി ബാക്കി വന്നത് കളയുമ്പോൾ കയ്യിൽ നിന്നും ഒരു പുളിങ്കുരു താഴെ വീണു, പിന്നിൽ നിന്നാരോ വിളിച്ച പോലെ ഒരു തോന്നൽ, ഓർമ്മകൾ രണ്ടു ദശാബ്ദങ്ങൾക്ക്  പിന്നിലെത്തി നിന്നു .

പഴയ നാലുകെട്ടിന്റെ വടക്കു വശത്തു നിന്ന ആ വലിയ മരം, ആ പുളി മരം.  കുലകൾ നിറഞ്ഞു നിന്നിരുന്ന ചില വേനൽകാലങ്ങൾ. സ്കൂൾ അവധിയിൽ എപ്പോഴെങ്കിലും ആകും 'പുളി കുലുക്കൽ ' എന്ന ചടങ്ങ് . ഇതിന്റെ എല്ലാത്തിന്റെയും നേതൃത്വം വഹിക്കുന്നത് മുത്തശ്ശിയും. ദേവസ്യ ആണ് പുളി കുലുക്കൽ വിദഗ്ധൻ. കറുത്ത് മെലിഞ്ഞ ശരീരവും, മുറുക്കാൻ കറ പറ്റിയ പല്ലുകളും  ഉള്ള ദേവസ്യ നീറുകൾ കൂട് വച്ച ഇലകൾ നിറഞ്ഞ ചില്ലകളിലൂടെ പതിയെ നടന്നു ആഞ്ഞു കുലുക്കി പുളിങ്കുലകൾ നിലത്തെത്തിക്കും. നേരുകൾ പറ്റിയ മേലിൽ തോർത്ത്മുണ്ടിൽ വെള്ളം മുക്കി തുടച്ചു കൊണ്ടയാൾ മുത്തശ്ശിയുടെ ചെല്ലത്തിൽ നിന്നും ഒരു മുറുക്കാനും തന്റെ കൂലിയും വാങ്ങി അയാൾ പോകും. അതിനു ശേഷമാണ് ഞങ്ങൾ ജോലി തുടങ്ങുക., പുളി പെറുക്കൽ . പുളിയുടെ അളവ് അനുസരിച്ചു അത് ചിലപ്പോൾ ഒന്നിൽ കൂടുതൽ ദിവസങ്ങളെടുക്കും.  പുളി നിറഞ്ഞ കുട്ടകൾ കുറച്ചു ആഴ്ചകൾഇറയത്തുണ്ടാവും. പിന്നീടുള്ള കുറച്ചു പകലുകളും രാത്രികളും മുത്തശ്ശി പുളി തിരക്കുകളിലും. 

മുത്തശ്ശിയുടെ പുളി പ്രോസസ്സിങ്ങിലെ ചില പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ 

  • കുട്ടകളിൽ നിന്ന് പുളി ഒരു പായയിൽ നിറയും, അതിനു ശേഷം വലത് കൈപ്പത്തിയുടെ കീഴ്ഭാഗം കൊണ്ട് ഇടിച്ചു തോടുകൾ പൊളിച്ച ശേഷം ഒരു പായയിൽ ഇടുന്നു. 
  • തോട് കളഞ്ഞ പുളി തന്റെ ചെല്ലത്തിലെ തടിപ്പിടി പിശാങ്കത്തി വച്ച് കുരു കളയുന്നു. [പണ്ടെപ്പോഴോ ഉരലിൽ ഇടിഞ്ഞു ചതഞ്ഞ മുത്തശ്ശിയുടെ തള്ള വിരൽ ഓർക്കുന്നു, വിരലുകളിലെ റബ്ബർ ഉറയും]
  • കുരു കളഞ്ഞ പുളി പിറ്റേന്ന് വെയിൽ വന്നാൽ പായ വിരിച്ചു ഉണക്കുന്നു.
  • ഉണങ്ങിയ പുളി ഉരുളകളാക്കി എടുത്തു കൈ ത്രാസിൽ വച്ച് അളന്ന് ആവശ്യക്കാരുടെ പേരിലാക്കി മാറ്റി വക്കുന്നു.
  • ആവശ്യക്കാർ ചിലർ വന്നു വാങ്ങുകയും ബാക്കിയുള്ളവർക്ക് ഈ ഉള്ളവൻ സൈക്കിളിലോ മറ്റോ എത്തിച്ചു കൊടുക്കുന്നു, ചിലതു അമ്മയോ  അച്ഛനോ  ചിറ്റയോ വഴി സ്കൂൾ,  ബാങ്ക്, ബന്ധുക്കൾ തുടങ്ങിയവരിലേക്കും നീളുന്ന സപ്ലൈ ചെയിൻ മെക്കാനിസം !
ഇത് കൊടുത്തു കിട്ടുന്ന കാശിൽ നിന്ന് ഒന്നോ രണ്ടോ ബോൾ വാങ്ങാനുള്ള പൈസ എനിക്കും കിട്ടിയിരുന്നു. ഇതൊരു കുടുംബ വിനോദം കൂടി ആയിരുന്നു ആ കാലങ്ങളിൽ. ഞങ്ങൾ എല്ലാവരും ഇതിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു :-)

കാലം കുറെ കഴിഞ്ഞു, ആ മരം പോയി, മുത്തശ്ശിയും. . മുത്തശ്ശിയുടെ അവസാന യാത്രക്ക് അവിടെ ഉണ്ടാവാൻ പറ്റിയില്ല എന്ന ദുഃഖം എന്നും മനസിലുണ്ട്, പക്ഷെ തോന്നുമ്പോഴൊക്കെ പോയി എത്തി നോക്കാൻ ദൂരത്തിൽ ഒരു വിളിക്കപ്പുറത്തു ഇരിക്കുന്ന ഒരു നൂറു മുത്തശ്ശി ഓർമ്മകൾ ഇപ്പോഴും ബാക്കി. 

കൂപ്പുകൈകളോടെ, നിറകണ്ണുകളോടെ, ഈ മാതൃദിനത്തിലെ  എൻ്റെ  മുത്തശ്ശി  ഓർമ്മകൾ ...